കുട്ടികള്‍ക്കുള്ള പുതിയ വാക്സിൻ സംസ്ഥാനത്ത് ഇന്ന് നൽകി തുടങ്ങും. യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ ആണ് കുട്ടികൾക്ക് നൽകുന്നത്. രാവിലെ  ആരോഗ്യമന്ത്രി വീണ ജോര്‍ജ് വാക്സിനേഷന്‍ ഉദ്ഘാടനം ചെയ്യും. സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ എന്ന് വിളിക്കുന്നത്. ബാക്ടീരിയ ഉണ്ടാക്കുന്ന ന്യൂമോണിയ, മെനിഞ്ജെറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് പിസിവി എന്ന പുതിയ വാക്‌സിന്‍ സംരക്ഷണം നല്‍കും. ഒന്നരമാസത്തില്‍ മറ്റ് വാക്സിനെടുക്കുന്നതിനൊപ്പം പിസിവിയും നല്‍കാം. ആദ്യ ഡോസ് എടുക്കാനുള്ള പ്രായപരിധി ഒരു വയസാണ്. ഒന്നര മാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നരമാസം, ഒമ്പത് മാസം എന്നിങ്ങനെയാണ് വാക്സിന്‍ നല്‍കേണ്ടത്. ആദ്യ മാസം 40,000 കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം കൊണ്ട് 4.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കും. ഈ മാസത്തേക്കായി 55,000 ഡോസ് വാക്സിനാണ് ലഭിച്ചത്.