തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം തുടരുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും കൂട്ട സ്ഥിരപ്പെടുത്തല്‍. വിവിധ വകുപ്പുകളില്‍ പത്തുവര്‍ഷത്തിലധികം ജോലി ചെയ്യുന്ന 221 താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

സ്‌കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷന്‍- 14 , കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍- 100 എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തല്‍.

ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടുന്ന കാര്യം മന്ത്രിസഭ പരിഗണിച്ചില്ല. സ്ഥിരപ്പെടുത്തുന്ന തസ്തിക പി.എസ്.സിക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

റാങ്ക് ഹോള്‍ഡേഴ്‌സിന്റേയും പ്രതിപക്ഷത്തിന്റെയും സമരം ശക്തമാകുമ്പോഴും കൂടുതല്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് മന്ത്രിസഭായോഗം എടുത്തത്. ടൂറിസം വകുപ്പിലെ വിവിധ സ്ഥലങ്ങളില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 90 പേരെ സ്ഥിരപ്പെടുത്തും. നിര്‍മ്മിത കേന്ദ്രത്തില്‍ പത്ത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 16 പേരെ സ്ഥിരപ്പെടുത്താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.